International
വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ഇറാനിൽ സംയുക്ത ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കം. ആക്രമണം അനിവാര്യമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്കൻ ഇസ്രയേൽ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ നാവികസേനയേയും മിസൈൽ കേന്ദ്രങ്ങളേയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമിക്കാൻ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ നടപടി അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങളിൽ ഭയമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിലായിരിക്കില്ലെന്നും ഇറാന്റെ മുന്നറിയിപ്പിൽ പറയുന്നു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ 95 കോടി പേർക്കു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോദി സർക്കാർ കരകയറ്റിയതായും നാലു കോടി വീടുകൾ സർക്കാർ നിർമിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോളതലത്തിൽ ചർച്ചയാണെന്നും രാജ്യത്തു ക്രിയാത്മക മാറ്റമുണ്ടെന്നും മുർമു പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഉദാഹരണമാണെന്നും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മിഷൻ സുദർശൻ ചക്രയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. രാജ്യത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു പാർലമെന്റിൽ സമർപ്പിക്കും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് ഒന്‍പതു മുതൽ ഏപ്രിൽ രണ്ടുവരെ വീണ്ടും പാർലമെന്റ് സമ്മേളിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ സേവന, ഉത്പാദന മേഖലകളെ ഉത്തേജിപ്പിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ ’റിഫോംസ് എക്സ്പ്രസ്’ ദരിദ്രർക്കും മധ്യവർഗത്തിനും പ്രയോജനം ചെയ്യുന്നുണ്ട്. ചരിത്രപരമായ ജിഎസ്ടി പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഉറപ്പാക്കി. ആദായനികുതി നിയമ പരിഷ്കാരത്തിലൂടെ 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതിയിൽ നിന്നൊഴിവാക്കി.
മാവോയിസ്റ്റ് അക്രമം ഉടൻ ഇല്ലാതാകുമെന്നു മുർമു അറിയിച്ചു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമമാണു സർക്കാരിന്റെ മുൻഗണന. വിവിധ ക്ഷേമപദ്ധതികളിലൂടെ സ്ത്രീകളെ ശക്തീകരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദന രാജ്യമാണ് ഇന്ത്യ. റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തോടടുക്കുന്നു.
അതിവേഗ വന്ദേഭാരത് സർവീസുകൾ മുതൽ പുതിയ രാജധാനി ട്രെയിനുകൾ വരെയുള്ളവ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്നു. നിലവിൽ 150 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ സുപ്രധാന നേട്ടമാണ്.
International
മോസ്കോ: കസാക്കിസ്ഥാനിൽനിന്നും റഷ്യയിൽനിന്നും എണ്ണ കയറ്റുമതി ചെയ്യുന്ന കാസ്പിയൻ പൈപ്പ്ലൈൻ കൺസോർഷ്യം (സിപിസി) ടെർമിനലിനു സമീപം രണ്ട് എണ്ണ ടാങ്കറുകൾക്കു നേരേ ഡ്രോൺ ആക്രമണമുണ്ടായി.
ഗ്രീക്ക് കന്പനികളുടെ ഉടമസ്ഥതയിലുള്ള ഡെൽറ്റ ഹാർമണി, മെറ്റിൽഡ എന്നീ കപ്പലുകൾ ടെർമിനലിൽനിന്ന് എണ്ണ കയറ്റാനെത്തുന്പോഴായിരുന്നു സംഭവം. രണ്ടു കപ്പലുകൾക്കും കാര്യമായ തകരാറില്ല. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡെൽറ്റ ഹാർമണി കപ്പലിൽ ചെറിയ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്. മെറ്റിൽഡയിൽ രണ്ടു ഡ്രോണുകൾ പതിച്ചതായി സ്ഥിരീകരിച്ചു.
റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തിനു സമീപം സ്ഥിതിചെയ്യുന്ന സിപിസി ടെർമിനൽ ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ടെൽമിനലിൽ എത്തുന്ന 80 ശതമാനം എണ്ണയും കസാക്കിസ്ഥാനിൽനിന്നാണ്.
Kerala
പത്തനംതിട്ട: കാർ ഇടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയ്യപ്പഭക്തർക്ക് മർദനമേറ്റെന്ന് പരാതി. പത്തനംതിട്ട കോന്നി പൂവൻപാറയിൽ ഞായറാഴ്ച രാത്രി ഏഴിനുണ്ടായ സംഭവത്തിൽ തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അയ്യപ്പഭക്തർക്കാണ് മർദനമേറ്റത്.
തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാർ അപകടം ചോദ്യം ചെയ്ത് തീർഥാടകരെ മർദിച്ചുവെന്നാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ അയ്യപ്പഭക്തർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് കേസ്.
14 പേർക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഞായർ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സിപിഎമ്മിന്റെ ഓഫീസ് ആക്രമിച്ചുവെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മുസ്ലിം ലീഗ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
ഇതിനിടയ്ക്കാണ് പ്രവർത്തകരിൽ ചിലർ ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്. കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് ഇന്നലെ പെരിന്തൽമണ്ണ മണ്ഡലത്തില്‍ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഹർത്താൽ പിൻവലിക്കുകയായിരുന്നു.
Kerala
കോട്ടയം: കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു. കോട്ടയം നഗരത്തിലെ ഒരു സ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ഭർത്താവ് കൊച്ചുമോനെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
Kerala
തിരുവനന്തപുരം: വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്.
സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഞായറാഴ്ച രാത്രി ഒമ്പതിന് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചലും ഭർത്താവും ആശുപത്രിയിൽ ചികിത്സതേടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
District News
പേരൂര്‍ക്കട: മേലാറന്നൂരിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്സിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരിക്കും അടിയേറ്റു. ചപ്പാത്ത് സ്വദേശിയായ 38-കാരനാണ് ക്വാര്‍ട്ടേഴ്സിലെത്തി ഇരുവരെയും ആക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
56-കാരനായ റിട്ട. ജീവനക്കാന്റെ ക്വാര്‍ട്ടേഴ്സിലേക്ക് യുവതി പോകുന്നതുകണ്ട് സംശയം തോന്നിയായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ യുവാവ് ക്വാര്‍ട്ടേഴ്സിലെത്തി റിട്ട. ഉദ്യോഗസ്ഥനെയും യുവതിയെയും മര്‍ദിക്കുകയായിരുന്നു. അടിയേറ്റതോടെ റിട്ട. ഉദ്യോഗസ്ഥന് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അടിയില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലേക്കു പോയി. തന്നെ ആക്രമിച്ചുവെന്നു കാട്ടി യുവതിയും യുവാവും പൂജപ്പുര പോലീസില്‍ പരാതി നല്കി. പരാതി ഇല്ലെന്നു പറഞ്ഞതിനാല്‍ പോലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു.
Kerala
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ആഴക്കടലിൽ ആക്രമിക്കപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചത്.
ആക്രമണത്തിൽ മത്സ്യത്തൊഴിലാളികളായ നാല് പേർക്ക് പരിക്കേറ്റു. ആറ് ബോട്ടുകൾക്ക് കേടുപാടുണ്ടായി. 124 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവമുണ്ടായത്.
ഓൾ ഇന്ത്യ പെർമിറ്റുള്ള ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്. തമിഴ്നാടിന്റെ പരിധിയിൽ കയറി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.
Kerala
മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബിനെതിരെയാണ് (25) പേലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പെരുമ്പാവൂരിൽനിന്നു കാറിനെ പിന്തുടർന്ന് എത്തിയ ലോറിയിലെ ഡ്രൈവർ വെള്ളൂർക്കുന്നത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.